Kerala
തിരുവനന്തപുരം: പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിടികൂടാനുള്ള നിർണായക നീക്കവുമായി പോലീസ്. രാഹുലിന്റെ പേഴ്സണൽ സ്റ്റാഫിനെയും ഡ്രൈവറെയും എസ്ഐടി കസ്റ്റഡിയിലെടുത്തു.
ഇവരിൽ നിന്ന് ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ രാഹുലിനെ കണ്ടെത്താമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കസ്റ്റഡിയിലെടുത്ത ഇരുവരെയും തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതായാണ് സൂചന. ഉന്നത ഉദ്യോഗസ്ഥർ ഇവരെ ചോദ്യം ചെയ്തേക്കും.
അതേസമയം സെഷൻസ് കോടതി ജാമ്യ ഹർജി തള്ളിയതോടെ ഹൈക്കോടതിയെ സമീപിക്കാനാണ് രാഹുലിന്റെ നീക്കം. ഉത്തരവിന്റെ പകർപ്പ് കിട്ടിയാല്‍ തൊട്ടു പിന്നാലെ ഓൺലൈനായി മുൻകൂർ ജാമ്യാപേക്ഷ നൽകാനാണ് ആലോചന.
ഇതിനിടെ രാഹുലിന്റെ ഒരു ഫോൺ ഓണായി. ഈ ഫോണിന്റെ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഏതു വിധേനെയും രാഹുലിനെ ഇന്നു തന്നെ പിടിക്കാനുള്ള പ്രയത്നത്തിലാണു പോലീസ്.
Kerala
തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോര്‍ (ദേവീന്ദര്‍ സിംഗ്) കസ്റ്റഡിയില്‍. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് റെയില്‍വേ പോലീസ് ബുധനാഴ്ച രാവിലെ ബണ്ടിചോറിനെ കസ്റ്റഡിയിലെടുത്തത്.
ഇയാള്‍ കരുതല്‍ തടങ്കലില്‍ തുടരുകയാണ്. കഴിഞ്ഞദിവസം എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നും ബണ്ടിചോറിനെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പഴയ കേസുമായി ബന്ധപ്പെട്ട് അഡ്വ. ആളൂരിനെ കാണാനെത്തിയതാണെന്നും ആളൂര്‍ അന്തരിച്ചവിവരം അറിഞ്ഞിരുന്നില്ലെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയിരുന്നത്. തുടര്‍ന്ന് അഭിഭാഷകരുമായി ബന്ധപ്പെട്ട് ഇക്കാര്യം സ്ഥിരീകരിച്ചശേഷമാണ് ബണ്ടിചോറിനെ പോലീസ് വിട്ടയച്ചത്. ഇതിനുപിന്നാലെയാണ് ബണ്ടിചോര്‍ തിരുവനന്തപുരത്ത് എത്തിയത്.
ബണ്ടിചോര്‍ തിരുവനന്തപുരത്ത് എത്തിയത് സംശയത്തോടെയാണ് പോലീസ് നിരീക്ഷിക്കുന്നത്. ബുധനാഴ്ച രാവിലെ റെയില്‍വേ സ്റ്റേഷനില്‍വെൃച്ച് ആര്‍പിഎഫുകാരാണ് ബണ്ടിചോറിനെ കണ്ടത്. തുടര്‍ന്ന് റെയില്‍വേ പോലീസിനെ വിവരമറിയിക്കുകയും ഇവര്‍ ബണ്ടിചോറിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ഇയാള്‍ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പോലീസിനോട് പറഞ്ഞത്. ഇതോടെയാണ് ബണ്ടിചോറിനെ കസ്റ്റഡിയില്‍വയ്ക്കാന്‍ പോലീസ് തീരുമാനിച്ചത്. ബണ്ടിചോറിന്റെ മൊഴികളും മറ്റും വിശദമായി പരിശോധിച്ചശേഷമേ ഇനി വിട്ടയക്കൂ.
Kerala
കോഴിക്കോട്: എരഞ്ഞിപ്പാലം സരോവരം റോഡിലെ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ആയിഷ റാസ (21) ആണ് മരിച്ചത്.
സംഭവത്തിൽ ആൺ സുഹൃത്തിനെ നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രിയാണ് സംഭവം. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുകൾക്ക് വിട്ടുനൽകും.
Kerala
കാസർഗോഡ്: താല്കാലിക വൈദ്യുതി കണക്ഷൻ സ്ഥിര കണക്ഷനാക്കുന്നതിന് കൈക്കൂലി വാങ്ങിയ കെഎസ്ഇബി സബ് എൻജിനിയർ വിജിലൻസ് പിടിയിൽ. കാസർഗോഡ് ചിത്താരി കെഎസ്ഇബി സെക്ഷൻ ഓഫീസിലെ സബ് എൻജിനിയറായ കെ. സുരേന്ദ്രൻ ആണ് പിടിയിലായത്.
കാസർഗോഡ് പൂച്ചക്കാട് സ്വദേശിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരൻ മുക്കൂട് പുതുതായി പണികഴിപ്പിച്ച വീടിന്റെ താല്കാലിക വൈദ്യുതി കണക്ഷൻ സ്ഥിര കണക്ഷൻ ആക്കുന്നതിന് ചിത്താരി കെഎസ്ഇബി സെക്ഷൻ ഓഫീസിൽ ഓൺലൈനിൽ അപേക്ഷ നൽകിയിരുന്നു.
തുടർന്ന് വ്യാഴാഴ്ച ഓഫീസിലെ സബ് എൻജിനിയറായ സുരേന്ദ്രൻ സ്ഥല പരിശോധന നടത്തി. വൈദ്യുതി കണക്ഷൻ വേഗത്തിൽ ശരിയാക്കുന്നതിന് കണക്ഷൻ മാറ്റി സ്ഥാപിക്കുന്നതിനുള്ള ഫീസിന് പുറമേ 3000 രൂപ കൈക്കൂലി നൽകാൻ ആവശ്യപ്പെടുകയായിരുന്നു.
പരാതിക്കാരൻ ഈ വിവരം കാസർഗോഡ് വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു. തുടർന്നാണ് പരാതിക്കാരനിൽ നിന്നും 3,000 രൂപ കൈപ്പറ്റുന്നതിനിടയ്ക്കാണ് സുരേന്ദ്രൻ പിടിയിലായത്.